വടകര: ദേശീയപാതയിൽ മൂരാട് ഉണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചെന്ന വാർത്ത നാടിനെ നടുക്കി. ഞായറാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് കാറും ടെമ്പോ ട്രാവലറും ഇടിച്ച് 4 പേര്‍ മരിച്ചത്. കല്യാണ സല്‍ക്കാരത്തിന് ബന്ധുക്കളുമായി കോഴിക്കോടേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. വടകര ഗവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു.
ന്യൂമാഹിയിലെ പെരുമുണ്ടേരി കണ്ണാട്ടില്‍ മീത്തല്‍ റോജ (55), ഒളവിലം പറമ്പത്ത് നളിനി (62),അഴിയൂര്‍ പാറേമ്മല്‍ രജനി (50), മാഹി റെയില്‍വെ സ്റ്റേഷനു സമീപം കോട്ടാമല കുന്നുമ്മല്‍ ഷിഗിന്‍ ലാല്‍ (40)എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ പോലീസെത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു. വടകര എം എൽ എ കെ കെ രമ , ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്തു ഉൾപ്പടെയുള്ളവർ രാവിലെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. ഇരു വാഹങ്ങളും ഒരേ ദിശയിൽ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ അവ്യക്തത ഉണ്ടെന്നും സി സി ടി വി ഉൾപ്പടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പയ്യോളി സി ഐ അറിയിച്ചു. മരിച്ചവര്‍ ബന്ധുക്കളാണ്.