വടകര: ഓണാഘോഷത്തിനിടെ പിണങ്ങി ആത്മഹത്യ ചെയ്യാൻ പുറപ്പെട്ട വിദ്യാർത്ഥിയെ ജീവിതത്തിലേക്ക് തിരികെ പിടിച്ച് വടകര പോലീസ്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ ഓണാഘോഷം നടക്കുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. വിദ്യാർത്ഥികളുടെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകർ ഇടപെടുകയായിരുന്നു. അധ്യാപകർ ഇതേ ചൊല്ലി വിദ്യാർത്ഥികളെ ശാസിച്ചു. ഇതോടെ പ്ലസ് ടു വിദ്യാർത്ഥിയായ ആൺകുട്ടി സ്കൂളിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
ഇതിനിടെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞു. തുടർന്ന് ഇവർ വിവരം വടകര പോലീസിൽ അറിയിച്ചു. വിദ്യാർത്ഥിയുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ച പോലീസ് ഇരിങ്ങൽ ആണെന്ന് കണ്ടെത്തി. ഉടൻ തന്നെ ഇരിങ്ങൽ ഭാഗത്തേക്ക് എത്തി. റെയിൽവേ ട്രാക്കിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥി പോലീസിനെ കണ്ടതോടെ ഓടി. പയ്യോളി ഭാഗത്തേക്ക് കിലോമീറ്ററുകളോളം റെയിൽവേ ട്രാക്കിലൂടെ ഓടിയ വിദ്യാർത്ഥിയെ പിന്നാലെ ഓടി പോലീസ് പിടികൂടുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. എസ് ഐ രഞ്ജിത്ത് എം കെ, എ എസ് ഐ ഗണേശൻ, സി പി ഒ സജീവൻ എന്നിവർ ചേർന്നാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്.