വടകര: മൊബൈൽ നമ്പറിലെ ഒരക്കത്തിന്റെ വ്യത്യാസം കാണാതായ പെൺകുട്ടിയെ തേടി ഉത്തർപ്രദേശ് പോലീസിനെ വടകരയിലെത്തിച്ചു. പക്ഷെ ഇതുണ്ടാക്കിയ പൊല്ലാപ്പ് കുറച്ചൊന്നുമല്ല. സംഭവം ഇങ്ങനെയാണ്, പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് യു.പി. പോലീസ് വടകര ആലായിന്റവിട പ്രഭാകരന്റെ മകൾ പ്രബിഷയെ അന്വേഷിച്ച് വീട്ടിലെത്തിയത്. കാണാതായ പെൺകുട്ടിയുടെ നമ്പറിലേക്ക് പ്രബിഷ നിരന്തരം വിളിക്കുന്നു എന്നാണ് അവർ പറഞ്ഞത്. പ്രബിഷയുടെ അമ്മ ഉപയോഗിക്കുന്ന നമ്പറാണ് കാണാതായ പെൺകുട്ടിയുടേത് എന്നാണ് പോലീസ് പറഞ്ഞത്. ആ നമ്പറിലേക്ക് സ്ഥിരമായി വിളിക്കുന്നതിനാലാണ് പ്രബിഷയെ അന്വേഷിച്ച് എത്തിയതെന്നും പോലീസ് വ്യക്തമാക്കി. കാണാതായ പെൺകുട്ടിയുടെ നമ്പറും പ്രബിഷയുടെ അമ്മയുടെ നമ്പറും തമ്മിൽ ഒരക്കത്തിന്റെ വ്യത്യാസംമാത്രമാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച നാലുമണിയോടുകൂടി വടകരയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനോടൊപ്പമാണ് യു.പി. പോലീസ് വീട്ടിലെത്തിയത്. ആ സമയത്ത് പ്രബിഷയുടെ അമ്മമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞ് പ്രബിഷയും അനിയത്തിയും മറ്റുള്ളവരും വീട്ടിലെത്തി. യു.പി. പോലീസ് ശബ്ദമുയർത്തി സംസാരിക്കുകയും വീടിനകത്തുകയറി പരിശോധിക്കുകയും ചെയ്തതായി പ്രബിഷ പറഞ്ഞു.
ഒടുവിൽ പോലീസ് വാഹനത്തിൽ വടകര സ്റ്റേഷനിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. എന്നാൽ, സഹോദരനോടൊപ്പം വരാമെന്നു പറയുകയും സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. അവിടെവെച്ച് നടത്തിയ പരിശോധനയിലാണ് തങ്ങൾക്ക് പറ്റിയ അബദ്ധം യു.പി. പോലീസിന് മനസ്സിലായത്. വീട്ടിൽ പോലീസെത്തിയതറിഞ്ഞ് നാട്ടുകാർ ഉൾപ്പെടെ ഒട്ടേറെപ്പേർ സ്ഥലത്തെത്തി. സഹോദരന്റെ വിവാഹത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഇത്തരത്തിൽ ഒരു സംഭവംമുണ്ടായത് തനിക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കിയതായി പ്രബിഷ പറഞ്ഞു. ഇതിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണിവർ