വടകര: നഗരസഭ രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന സി എം ഹോസ്പിറ്റലിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ എസ് ടി പി പ്ലാന്റിൽ നിന്നും മലിന ജലം മതിയായ ശേഖരണ സംഭരണികൾ ഇല്ലാതെ ഹോസ് ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. ഇതിന് സമീപമുള്ള വീടുകളിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കാൻ ഇടയായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ഹോസ്പിറ്റലിന് പിറക് വശത്തുള്ള പഴയ കെട്ടിടത്തിന് സമീപം ഉപയോഗശൂന്യമായ ഫർണ്ണിച്ചറുകളും ക്ലോസറ്റുകളും അലക്ഷ്യമായി കൂട്ടിയിട്ടതായും കണ്ടെത്തി. ഹോസ്പിറ്റലിന് മുൻ വശത്തുള്ള ഫാർമസിയുടെ മുൻപിൽ സ്ലാബിട്ട് ടൈൽ പാകിയതിനുള്ളിൽ ഒരു കിണർ കണ്ടെത്തി.
കിണറിലെ വെള്ളം ഹോസ്പിറ്റൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കാണാൻ സാധിച്ചു. 48 മണിക്കൂറിനുള്ളിൽ രോഗികളെ മാറ്റി മതിയായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളൊരുക്കാൻ നോട്ടീസ് നൽകി. സീനിയർ പബ്ലിക് ഹെൽത് ഇൻസ്പെക്ടർ സന്ധ്യ എസ് എസ്, പബ്ലിക് ഹെൽത് ഇൻസ്പെക്ടർമാരായ രൂപേഷ് ഇ, അജിന പി എന്നിവർ പങ്കെടുത്തു. നിയമ ലംഘനങ്ങൾ കണ്ടെത്തിയതിൽ പിഴ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ക്ലീൻ സിറ്റി മാനേജർ രമേശൻ കെ പി അറിയിച്ചു.