വടകര: ട്രെയിനിൽ യാത്ര ചെയ്യവെ ഡോക്‌ടറെ മർദിച്ച കേസിൽ എഎസ്ഐയ്ക്ക് 5000 രൂപ പിഴയും കോടതി പിരിയും വരെ തടവും. തന്നെ ഡോക്ടർ മർദിച്ചെന്നാരോപിച്ച് എഎസ്ഐ നൽകിയ പരാതിയിൽ ഡോക്‌ടറെ വിട്ടയച്ചും കോടതി വിധി. മലബാർ എക്സ്‌പ്രസിൽ 2018ൽ നടന്ന സംഭവത്തിലാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എസ്.വി.മനേഷ് ഈ ശിക്ഷകൾ വിധിച്ചത്.
അന്ന് വടകര എഎസ്ഐ ആയിരുന്ന ടി. രാമകൃഷ്ണനാണ് പിഴയും ഒരു ദിവസം കോടതിയിൽ തടവും അനുഭവിക്കേണ്ടത്. കാഞ്ഞങ്ങാട്ടെ ശിശു രോഗ വിദഗ്‌ധൻ ഡോ.ടി.വി.പത്മനാഭനെയാണ് കോടതി വിട്ടയച്ചത്. സംഭവം നടന്ന ദിവസം ബർത്തിൽ ഉറങ്ങുകയായിരുന്ന ഡോക്‌ടർ, രാമകൃഷ്‌ണനും കൂടെയുള്ളവരും ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് പതുക്കെ പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വീണ്ടും ശബ്ദം ഉയരുകയും ഇവർ തമ്മിൽ വാക്കു തർക്കമാവുകയും ചെയ്‌തു അടിപിടിയിൽ എത്തിയപ്പോൾ പത്മനാഭൻ മുക്കിന് ഇടിയേറ്റ് ചോര വരികയും പല്ല് ഇളകുകയും ചെയ്‌തു. വടകര സ്‌റ്റേഷനിൽ എത്തിയപ്പോൾ രാമകൃഷ്‌ണൻ ഇറങ്ങിപ്പോയി. ട്രെയിൻ നീങ്ങിയപ്പോൾ ചങ്ങല വലിച്ച് വണ്ടി നിർത്തിച്ച പത്മനാഭൻ വടകര പൊലീസിനെ സമീപിച്ചു.
പത്മനാഭൻ മർദിച്ചെന്ന പരാതി രാമകൃഷ്‌ണൻ ആദ്യം നൽകിയിരുന്നു. അതിനു ശേഷമാണ് പത്മനാഭന്റെ പരാതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്. പിഴ സംഖ്യ പത്മനാഭന് നൽകണമെന്നാണ് കോടതി ഉത്തരവ്. പത്മനാഭന് വേണ്ടി അഡ്വ. ജിതിൻ കൃഷ്‌ണ ഹാജരായി.