വടകര: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബസിടിച്ച് നേപ്പാൾ സ്വദേശി മരിച്ച കേസിൽ ബസുടമയും ഡ്രൈവറും 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി. നേപ്പാൾ ഡെഡൽ ദുര ജില്ലയിൽ ജൗഖേത് പരശുറാമിൽ ഗണേഷ് ബഹാദൂർ മകൻ ഡാൽ ബഹാദൂർ ദാമി (28) മരിച്ച കേസിലാണ് വിധി. ബസിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ബസുടമയായ കണ്ണൂർ കാഞ്ഞിരോട് കടുത്തിമൊട്ട പ്രണവത്തിൽ അനീഷ് കുമാർ, ഡ്രൈവർ കോഴിക്കോട് കൊയിലാണ്ടി മുചുകുന്ന് സ്വദേശി പുളിയഞ്ചേരി കുളങ്ങര അഭിലാഷ് എന്നിവരാണ് നഷ്ടപരിഹാരം നൽകേണ്ടത്.
30,91,000 രൂപയും ഇതിന്റെ 9 ശതമാനം പലിശയും കോടതി ചെലവുമാണ് ഉടമയും ഡ്രൈവറും ചേർന്ന് നൽകാൻ വടകര എം.എ.സി.ടി ജഡ്ജി കെ. രാമകൃഷ്ണൻ വിധിച്ചത്. വിധിസംഖ്യ അന്യായക്കാരായ ഡാൽ ബഹാദൂർ ദാമിയുടെ മാതാപിതാക്കൾ, ഭാര്യ, സഹോദരങ്ങൾ എന്നിവർക്ക് നൽകാനാണ് വിധി. 2019 മേയ് 19നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ ചേമഞ്ചേരിവെച്ച് കെ.എൽ 56-പി -1611 ബസാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് നേപ്പാൾ സ്വദേശി ബസിടിച്ച് മരിച്ചത്. അന്യായക്കാർക്കുവേണ്ടി അഡ്വ. ബിനുരാജ് ഹാജരായി.