വടകര : ടൂറിസ്റ്റ് ബസിൽ എൽ.എസ്.ഡി. സ്റ്റാമ്പും മെത്താംഫിറ്റമിനും കടത്തുന്നതിനിടെ പിടിയിലായ യുവാവിന് 10 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ പയ്യന്നൂർ രാമന്തളി എട്ടികുളം മുട്ടോൻ വീട്ടിൽ എം. സൽമാനെ (32) യാണ് വടകര എൻ.ഡി.പി.എസ്. സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. എൽ.എസ്.ഡി., മെത്താംഫിറ്റമിൻ എന്നിവ കൈവശം വെച്ചതിന് പത്തുവർഷം വീതം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്. മൊത്തം 20 വർഷം തടവുണ്ടെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പത്തുവർഷത്തെ തടവുമതി. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം.
2022 ഓഗസ്റ്റ് ഒന്നിനാണ് ഇയാളെ കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ ബെംഗളൂരുവിൽനിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസിൽനിന്ന് പിടികൂടിയത്. 1.760 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളും 74.390 ഗ്രാം മെത്താംഫിറ്റമിനുമാണ് കണ്ടെടുത്തു. ഉത്തരമേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ.എൻ. ബൈജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ് ഹാജരായി.