വടകര: നഗരസഭ ആരോഗ്യവിഭാഗം എൻഫോഴ്സ്മെന്റ് ടീം ക്വീൻസ് ബാർ ആന്റ് റസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തരം തിരിക്കാതെ സൂക്ഷിച്ചതിനും, മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതി ഇല്ലാതെ ഇൻസിനേറേറ്റർ പ്രവർത്തിപ്പിച്ചതിനും നോട്ടീസ് നൽകി. ജില്ലാ ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന ഫിഷ് മാർട്ട് എന്ന സ്ഥാപനത്തിൽ നിന്നും 10 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗ് പിടിച്ചെടുത്ത് നോട്ടീസ് നൽകി. ശ്രീമണി ബിൽഡിങ്ങിന് സമീപം പ്രവർത്തിക്കുന്ന സിറ്റി ലോഡ്ജിൽ നിന്നും മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കിയതിനാൽ നഗരസഭ ആരോഗ്യ വിഭാഗം ലോഡ്ജ് അടച്ച് പൂട്ടി.
ജൂബിലി കളത്തിന് സമീപം അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജിൽ നിന്നും മലിന ജലം പുറത്തേക്ക് ഒഴുക്കിയതിന് 5000 രൂപ പിഴ അടപ്പിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ ടി, സുനിൽ എം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വിഗിഷ ഗോപാലൻ, ശ്രീമ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാവുമെന്ന് ക്ലീൻ സിറ്റി മാനേജർ രമേശൻ കെ പി അറിയിച്ചു.