വടകര: ഓരോ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന വടകരയിൽ പ്രചാരണവിഷയങ്ങൾ മാറിമറിയുന്നു. വടകരയിൽ ഇപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും കൊമ്പുകോർക്കുന്നത് രണ്ടു വിഷയങ്ങളിലാണ്. ഒന്ന് പാനൂരിലെ ബോംബ് സ്ഫോടനം, രണ്ട് യു.ഡി.എഫ്. റാലിയിൽ തൊഴിലുറപ്പുസ്ത്രീകളെക്കുറിച്ച് ഉയർന്ന മുദ്രാവാക്യം. ബോംബിനെ തൊഴിലുറപ്പുവിവാദംകൊണ്ട് പ്രതിരോധിക്കുകയാണ് എൽ.ഡി.എഫ്.
യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ നാലിന് നാമനിർദേശപത്രിക സമർപ്പിക്കാനായി യു.ഡി.എഫ്., ആർ.എം.പി.ഐ. വനിതാസംഘടനകൾക്കൊപ്പം പോകുമ്പോൾ ചില വനിതാപ്രവർത്തകർ വിളിച്ച മുദ്രാവാക്യമാണ് വിവാദമായത്. ‘ഈ റാലിയിലുള്ളത് തൊഴിലുറപ്പിൻ പെണ്ണുങ്ങളല്ല’ എന്നരീതിയിലായിരുന്നു മുദ്രാവാക്യം. ഇത് തൊഴിലുറപ്പുതൊഴിലാളികളോടുള്ള അവഹേളനമാണെന്ന ആരോപണം എൽ.ഡി.എഫ്. ഉയർത്തി. നാലിന് റാലി നടന്നെങ്കിലും ഇതിന്റെ വീഡിയോ പുറത്തുവരുന്നത് ആറിനാണ്. പാനൂരിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ്. പ്രതിരോധത്തിൽ നിൽക്കുന്ന സമയമാണിത്.
മുദ്രാവാക്യ വീഡിയോ പുറത്തുവന്നതോടെ എൽ.ഡി.എഫ്. സൈബർ പോരാളികൾ ഇതിന് പല മാനങ്ങളും ചമച്ച് പ്രചാരണം തുടങ്ങി. സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും മുതിർന്നനേതാക്കൾവരെ ഈ വിഷയത്തിൽ പോസ്റ്റുകളിട്ടു. മറുഭാഗത്ത് യു.ഡി.എഫും ആർ.എം.പി.ഐ.യും ബോംബ് രാഷ്ട്രീയവും കൊലപാതകരാഷ്ട്രീയവും ചർച്ചയാക്കുമ്പോൾ അതിനോടുപ്രതികരിക്കാതെ തൊഴിലുറപ്പുവിഷയത്തിൽ ഉറച്ചുനിന്ന് പോരടിക്കുകയാണ് എൽ.ഡി.എഫ്.
സി.പി.എം. റാലികളിലും മറ്റും തൊഴിലുറപ്പുതൊഴിലാളികളെ ഭീഷണിപ്പെടുത്തി കൊണ്ടുപോകുന്നതിനെതിരേയുള്ള പ്രതികരണമാണ് യു.ഡി.എഫ്. വനിതാസംഘടനകളുടെ റാലിയിൽ കേട്ടതെന്നാണ് യു.ഡി.എഫ്. വിശദീകരണം. തൊഴിലുറപ്പുപദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സർക്കാരാണ്. തൊഴിലുറപ്പുതൊഴിലാളികളുടെ മറവിൽ രാഷ്ട്രീയമുതലെടുപ്പാണ് എൽ.ഡി.എഫ്. നടത്തുന്നതെന്നും യു.ഡി.എഫ്. വിശദീകരിക്കുന്നു.
ഇതിനിടെ, തൊഴിലുറപ്പുതൊഴിലാളികൾക്കൊപ്പം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. ഇതേരീതിയിൽ വീഡിയോ ഇറക്കി യു.ഡി.എഫും ഇതിനെ പ്രതിരോധിച്ചു. യു.ഡി.എഫ്. മുദ്രാവാക്യത്തിനെതിരേ തൊഴിലുറപ്പുതൊഴിലാളികളെത്തന്നെ രംഗത്തിറക്കിയുള്ള പ്രതികരണങ്ങളും കണ്ടു.
ഇതിനിടയിലും ബോംബ് രാഷ്ട്രീയത്തിനെതിരേയുള്ള പ്രചാരണങ്ങളുമായി യു.ഡി.എഫും ആർ.എം.പി.ഐ.യും രംഗത്തുണ്ട്. തിങ്കളാഴ്ച എല്ലാ പഞ്ചായത്ത്-നഗരസഭ ആസ്ഥാനങ്ങളിലും പ്രകടനവും പൊതുയോഗവും നടന്നു. ഇതുതുടരാനാണ് യു.ഡി.എഫ്. തീരുമാനം. തൊഴിലുറപ്പുവിഷയം സജീവചർച്ചയാക്കാനും പ്രതിഷേധപരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്. പാനൂർ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എൻ ഡി എയും വാർത്ത സമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു.