വടകര: മയക്ക് മരുന്ന് വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടയിൽ പോലീസ് പിടികൂടിയ പ്രതിക്ക് പത്ത് വർഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് അരക്കിണർ, മാറാട് തെക്കേ പുറത്ത് ഹംസ മൻസിൽ റിനീഷിനെ (26) നെയാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. എൻ ഡി പി എസ് ആക്ട് 22(സി) പ്രകാരം പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എൻ ഡി പി എസ് ആക്ട് 20(ബി)പ്രകാരം മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴയും ആണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
രണ്ട് വകുപ്പുകളിലായി ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2018 ഡിസംബർ 28 നാണ് കേസിനാസ്പദമായ സംഭവം. മാവൂർ റോഡ് കെ എസ് ആർ ടി സി ടെർമിനലിന്റെ പിൻ ഭാഗത്തേക്ക് പോകുന്ന വഴിയിൽ വെച്ചാണ് പ്രതിയുടെ കൈവശമുള്ള ബാഗിൽ വെച്ച് 358 ഗ്രാം ഹാഷിഷ് ഓയിലും 16 ഗ്രാം തൂക്കം വരുന്ന എൽ എസ് ഡി അടങ്ങിയ 4 ഷുഗർ ക്യൂബുകളും രണ്ടാം പ്രതിയുടെ കൈവശമുളള ബാഗിൽ നിന്നും മൊത്തം എട്ട് ഗ്രാം തൂക്കം വരുന്ന എൽ എസ് ഡി അടങ്ങിയ രണ്ട് ഷുഗർ ക്യൂബുകളും വിൽപന നടത്തുന്നതിനിടയിലാണ് നടക്കാവ് പോലീസ് രണ്ട് പ്രതികളെ പിടികൂടിയത്. രണ്ടാം പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിനാൽ കേസ് പിന്നീട് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി ഇ വി ലിജീഷ് ഹാജരായി.