വടകര : വടകര അസംബ്ലി മണ്ഡലം ഇലക്ഷൻ ഫ്ലയിങ്ങ് സ്ക്വാഡ് വൺ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം വലകെട്ടിൽ മുക്കിൽനിന്നാണ് 400 ഗ്രാം കഞ്ചാവുമായി രണ്ടു വിദ്യാർഥികളെ സ്‌ക്വാഡ് പിടികൂടിയത്. നടക്കുതാഴ കുറുങ്ങോട്ട് മുഹമ്മത് നിഷാൻ (21), വടകര കസ്റ്റംസ് റോഡ് സഫ വീട്ടിൽ ഖലീൽ ഇബ്രാഹിം (21) എന്നിവരെ എക്സൈസ് അറസ്റ്റുചെയ്തു. ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി വാഹനത്തിൽ കയറ്റി എക്സ് സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് സ്കൂട്ടർ യാത്രക്കാരായ വിദ്യാർത്ഥികളിൽ നിന്നും കഞ്ചാവ് പിടികൂടിയത്.
പ്ലാസ്റ്റിക് കവറിൽ അഞ്ച് ഗ്രാം വീതം വരുന്ന പാക്കറ്റുകളിലാക്കിയാണ് ഇവർ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നത്. ഇരുവരും ചെരണ്ടത്തൂർ എം എച്ച് ഇ എസ് കോളേജിലെ ഡിഗ്രി വിദ്യാർഥികളാണ്. ഫ്ലയിങ്ങ് സ്‌ക്വാഡിലെ സീനിയർ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടും വിജിലൻസ് സീനിയർ സൂപ്രണ്ടുമായ എൻ മനോജ് കുമാർ, സ്‌ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ ഷിജിത്ത്, സി പി ഒ കെ സന്ധ്യ, ഡ്രൈവർ പ്രശാന്ത്, വീഡിയോഗ്രാഫർ ഫർഹാൻ എന്നിവർ ഫ്ലയിങ്ങ് സ്ക്വാഡിൽ ഉണ്ടയിരുന്നു. പ്രതികളേയും തൊണ്ടി മുതലും കെ എൽ 58 എ ഇ -6379 സ്കൂട്ടറും എക്സൈസ് ഇൻസ്‌പെക്ടർ കെ വി മുരളി കസ്റ്റഡിയിലെടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.