കോഴിക്കോട്: വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കുതന്നെയാണ് നേരിയ മുൻതൂക്കമെന്ന് സി.പി.എം. വിലയിരുത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശകലനത്തിലാണ് 1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും കെ.കെ. ശൈലജയ്ക്ക് ജയിച്ചുകയറാൻ കഴിയുമെന്ന് കണക്കുകൂട്ടുന്നത്.
കഴിഞ്ഞതവണ വടകര ലോക്‌സഭാമണ്ഡലത്തിൽ മത്സരിച്ച സി.പി.എമ്മിലെ പി. ജയരാജൻ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു സി.പി.എം. താഴെക്കിടയിൽനിന്നുള്ള കമ്മിറ്റികളിൽനിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അവലോകനറിപ്പോർട്ടിലുണ്ടായിരുന്നത്. എന്നിട്ടും 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. മുരളീധരൻ വടകരയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഈസാഹചര്യത്തിലാണ് ഇത്തവണ സംശയമുള്ളതും ആടിക്കളിക്കുന്നതുമായ വോട്ടുകളെല്ലാം മാറ്റിനിർത്തി, ഉറച്ചവോട്ടുകൾമാത്രം പരിഗണിച്ച് ബൂത്ത് തലത്തിൽനിന്ന് മണ്ഡലം കമ്മിറ്റികളിലേക്ക് റിപ്പോർട്ടുപോയത്. എന്നാലും, വോട്ടുനിലയിലെ കുറവ് തങ്ങളുടെ പ്രവർത്തനപോരായ്മയിലേക്ക് വിരൽചൂണ്ടിയേക്കാമെന്ന ആശങ്കയിൽ ചില ബൂത്തുകമ്മിറ്റികൾ യഥാർഥചിത്രം നൽകിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞതവണത്തെ അപേക്ഷിച്ച് തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് ഇത്തവണ അല്പം മേൽക്കോയ്മയുണ്ടാവുമെന്നാണ് അന്തിമ അവലോകനം. വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിൽ യു.ഡി.എഫിന് തന്നെയാവും ഇത്തവണയും മേൽക്കൈ. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം അസംബ്ലി മണ്ഡലങ്ങളിൽ അടിയൊഴുക്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് പാർട്ടി.
വടകരയിൽ കോൺഗ്രസ് നേതാവും നിലവിലെ എം.പി.യുമായ കെ. മുരളീധരൻ വീണ്ടും സ്ഥാനാർഥിയാവുമെന്ന നിഗമനത്തിലാണ് വടകര തിരിച്ചുപിടിക്കാൻ മുൻ ആരോഗ്യമന്ത്രിയും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയെ രംഗത്തിറക്കിയത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ അവർ ഏറെ മുന്നോട്ടുപോയിരുന്നു. എന്നാൽ, പാലക്കാട് എം.എൽ.എ.യായ ഷാഫി പറമ്പിലിനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കിയതോടെ വടകരയിലെ തിരഞ്ഞെടുപ്പുരംഗം മറ്റൊരുതലത്തിലേക്ക് പെട്ടെന്ന് എത്തുകയായിരുന്നു.
എൻ.ഡി.എ. സ്ഥാനാർഥിക്ക് കഴിഞ്ഞതവണ ലഭിച്ചത് 80,128 വോട്ടായിരുന്നു. വലിയമുന്നേറ്റം വടകരയിൽ എൻ.ഡി.എ.ക്ക് സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് സി.പി.എം. വടകര ലോക്‌സഭാമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വത്സൻ പനോളിയുൾപ്പെടെയുള്ളവരാണ് അന്തിമ വിശകലനറിപ്പോർട്ട് തയ്യാറാക്കിയത്.