വടകര: ലഹരി ഉപയോഗത്തെതുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം ആളുകള്‍ നോക്കി നില്‍ക്കുന്നതിനിടെയാണ് യുവാക്കള്‍ തമ്മില്‍ പരസ്പരം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. യുവാക്കള്‍ മയക്കുമരുന്ന് ലഹരി ഉപയോഗിച്ചശേഷം പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റയൊരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസ് (25) നാണ് പരിക്കേറ്റത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.
നാട്ടുകാര്‍ പകര്‍ത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഗുരുതരമായി പരിക്കേറ്റ ശരീരത്തില്‍നിന്ന് ഒരാളുടെ രക്തം വാര്‍ന്നുകൊണ്ടിരുന്നിട്ടും ഇരുവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഹിജാസിന്‍റെ കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിലത്തുകിടന്ന കല്ലുകൊണ്ടും ഇരുവരും ആക്രമിച്ചു. ആക്രമണത്തിനിടെ ഒരാളുടെ ഷര്‍ട്ടും മറ്റൊരാള്‍ കീറിയെടുത്തു. ഏറ്റുമുട്ടലിനിടയില്‍ മറ്റൊരു യുവാവ് ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ആക്രമണം തുടരുകയായിരുന്നു. അടി നിര്‍ത്താനും ആശുപത്രിയിലേക്ക് പോകാനും നാട്ടുകാര്‍ പറഞ്ഞിട്ടും ഇത് വകവെയ്ക്കാതെയാണ് യുവാക്കള്‍ തമ്മിലടിച്ചത്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥിരമായി സ്ഥലത്ത് യുവാക്കള്‍ ലഹരി ഉപയോഗിച്ച് തര്‍ക്കമുണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.