വടകര: ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കാൻ പോയ പതിനെട്ടുകാരനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ചോമ്പാൽ എസ്ഐ എം.പ്രശോദ്, എസ്‌സിപിഒമാരായ പി.ടി.സജിത്ത്, ടി.ചിത്രദാസ് എന്നിവരാണ് പതിനെട്ടുകാരനെ മരണത്തിന് വിട്ടുകൊടുക്കാതെ തിരികെ കൂട്ടിയത്.
സഹോദരി മരിച്ച് 2 ദിവസത്തിനു ശേഷമാണ് പ്ലസ് ടു കഴിഞ്ഞ യുവാവിനെ കാണാതായത്. ഇയാളുടെ പിതാവ് ഒരു വർഷം മുൻപാണ് മരിച്ചത്. സഹോദരിയും വിട പറഞ്ഞതോടെ നിരാശ പൂണ്ട യുവാവ് കൊയിലാണ്ടി സ്‌റ്റേഷനിൽ നിന്ന് കിട്ടിയ ട്രെയിനിനു കയറി മാഹിയിൽ വന്നിറങ്ങി. അപ്പോഴേക്കും കൊയിലാണ്ടി സ്‌റ്റേഷനിൽ നിന്ന് യുവാവിനെ കാണാതായ വിവരവും ചിത്രവും ചോമ്പാൽ സ്‌റ്റേഷനിൽ എത്തിയിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ മാഹി ഭാഗത്താണ് കാണിക്കുന്നത് എന്നും അറിയിച്ചു. ഉടൻ തന്നെ മൂന്നു പൊലീസ് ഉദ്യോഗസ്‌ഥരും മാഹി റെയിൽവേ സ്‌റ്റേഷനിലേക്ക് കുതിച്ചു.
മാഹി റെയിൽവേ സ്റ്റേഷനിൽ എത്തിയ മൂവരും, സ്റ്റേഷനിലെ പരിചിതർക്ക് യുവാവിന്റെ ചിത്രം കാണിച്ചു. ഈ സമയം മംഗളൂരു - കോയമ്പത്തൂർ ട്രെയിനിന്റെ മുൻപിൽ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു യുവാവ്. ഇതു ശ്രദ്ധയിൽപെട്ട പൊലീസ് യുവാവിനു പിന്നാലെ കുതിച്ചു. വിസിലടിച്ചും ബഹളം വച്ചും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ചെങ്കിലും പൊലീസ് ഓടിക്കുന്നവൻ കള്ളനോ കഞ്ചാവോ മറ്റോ ആയിരിക്കുമെന്ന മുൻവിധി കാരണം ആരും യുവാവിനെ പിടിക്കാൻ തയാറായില്ല. റെയിൽവേ ഓവർബ്രിഡ്ജിന്റെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ പൊലീസ് ഓടി വരുന്നത് കണ്ട് യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും യുവാവ് അവരെ ആക്രമിക്കാൻ ശ്രമിച്ചു.
പൊതുവേ ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവായ മാഹി റെയിൽവേ സ്റ്റേഷനിൽ, പക്ഷേ ഈ ട്രെയിനിനു സ്റ്റോപ്പ് ഉണ്ടായിരുന്നു. ട്രെയിൻ എത്തും മുൻപേ യുവാവിന്റെ അടുത്തെത്തി ബലം പ്രയോഗിച്ച് ട്രാക്കിൽ നിന്നും മാറ്റാൻ കഴിഞ്ഞു. ട്രെയിൻ സഞ്ചരിച്ചു തുടങ്ങിയാൽ ട്രാക്കിലേക്ക് ചാടാനുള്ള സാധ്യത ഇല്ലാതാക്കി പൊലീസ് യുവാവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. തുടർന്ന് വനിതാ സെല്ലിൽ കൗൺസിലിങ്ങിനു വിധേയമാക്കി. കൃത്യമായ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് മൂവരും.