വടകര: സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ യാത്ര ക്ളേശം രൂക്ഷമായി. ബസ് കണ്ടക്ടർക്ക് നേരെ പെരിങ്ങത്തൂരിൽ വെച്ചുണ്ടായ അക്രമണത്തിലെ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തലശേരി റൂട്ടിൽ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രക്യാപിച്ചാണ് വടകര താലൂക്കിൽ പണിമുടക്ക് തുടരുന്നത്.
തലശേരിയിൽ നടന്ന ചർച്ചയിൽ പണിമുടക്ക് പിൻവലിച്ചെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും ബസുടമകളും പൊലീസും നടത്തിയ ചർച്ച അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ പ്രചരണമുണ്ടായിരുന്നു. വടകരയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽ പണിമുടക്കിൽ തൊഴിലാളി സംഘടനകൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം പണിമുടക്ക് പ്രക്യാപിച്ചത്. ഇന്നത്തെ പണി മുടക്കിന് ബിഎംഎസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.