വടകര: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കും സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനുമെതിരേ പരാതി നല്‍കി വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ.കെ ശൈലജ പറഞ്ഞതോടെയാണ് പരാതിയുമായി മുന്നോട്ടുപോയത്.
ഏപ്രില്‍ 16-ന് കെ.കെ ശൈലജ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നാണ് ആരോപിച്ചത്. ഈ വീഡിയോകളും ഫോട്ടോകളും വോട്ടര്‍മാരെ പ്രത്യേകിച്ച് മുസ്ലിം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പറഞ്ഞിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയും അനുയായികളും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും അവര്‍ പറഞ്ഞു. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിക്കുകയും അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 24-മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അറിയിച്ച് വക്കില്‍ നോട്ടീസ് അയച്ചു. എന്നാല്‍ ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്.
ഇത് എതിര്‍ സ്ഥാനാര്‍ഥിയ്‌ക്കെതിരേ വ്യാജപ്രചാരണം നടത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനം മാത്രമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണെന്നുമാണ് ഷാഫി പരാതിയില്‍ പറയുന്നത്.