BREAKING NEWS
dateFRI 27 DEC, 2024, 3:01 AM IST
dateFRI 27 DEC, 2024, 3:01 AM IST
back
Homeregional
regional
SREELAKSHMI
Fri Dec 13, 2024 10:54 PM IST
കാഫിർ കേസ് :വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാത്തത് ചോദ്യം ചെയ്ത് കോടതി
NewsImage

വടകര : കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് കോടതി. വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ ഉണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്സ്ആപ്പ്‌ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ വഹാബ് എന്നിവരെ കേസിൽ പ്രതി ചേർക്കാത്തത് എന്തുകൊണ്ടാണെന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.

കാഫിർ സ്ക്രീൻഷോട്ട് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഇവരെല്ലാം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോരാളി ഷാജി ഗ്രൂപ്പിൽ നിന്നും സ്ക്രീൻഷോട്ട് നീക്കം ചെയ്യാത്തതിന് ഫേസ്ബുക്ക് അധികൃതരെ പ്രതി ചേർത്തു. സ്ക്രീൻഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് റിബേഷ് മറുപടി പറഞ്ഞിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും ഇവരെ ആരേയും കേസിൽ പ്രതി ചേർക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് വ്യാജ സ്ക്രീൻഷോട്ട് കേസിലെ ഇരയായ മുഹമ്മദ് കാസിമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു.

ഇരയായ കാസിമിനെ തെറ്റായി പ്രതി ചേർത്ത പോലീസ് മറ്റുള്ളവരെ പ്രതിയാക്കാത്തതിൽ ദുരൂഹതയുണ്ട്. തനിക്ക് ആരാണ് ഈ പോസ്റ്റ് അയച്ചുതന്നത് എന്ന് വെളിപ്പെടുത്താൻ തയ്യാറാകാത്ത റിബേഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണം. അങ്ങനെ ചെയ്യാത്ത പോലീസ് ശരിയായ അന്വേഷണം നടത്തുന്നുണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. കേസ് ഡയറി വെള്ളിയാഴ്ച പോലീസ് കോടതിയിൽ ഹാജരാക്കി. ഹൈക്കോടതി ഉത്തരവിന് ശേഷം പോലീസ് ആകെ ചെയ്തത് ഫേസ്ബുക്കിന്റെ രേഖകൾ ഹാജരാക്കുന്നതിനായി കോടതിയിൽ ഒരു അപേക്ഷ കൊടുക്കുകയും ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനായി ഒരു കത്ത് കൊടുക്കുകയും മാത്രമായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

മൂന്ന് ആഴ്ചക്കകം ഫോറൻസിക് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഉണ്ടായിട്ടും റിപ്പോർട്ട് വൈകിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള വ്യാജ സ്ക്രീൻഷോട്ടുകൾ നിർമ്മിച്ച ആൾ ഈ സമൂഹത്തിൽ ഉണ്ടെന്നും അയാളെ കണ്ടെത്തൽ പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും അല്ലെങ്കിൽ മതസ്പർദ്ധ വളർത്തുന്ന പ്രവർത്തനങ്ങൾ പ്രതി തുടരുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞത്. തുടർ റിപ്പോർട്ടിനായി കേസ് ഡിസംബർ 20ലേക്ക് മാറ്റി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE