
വടകര: ദേശീയ പാതയിൽ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപം ടാങ്കറിൽ നിന്നും വനസ്പതി റോഡിൽ പരന്നൊഴുകി. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഏകദേശം 50 മീറ്ററോളം ദൂരം കോഴിക്കോട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് വനസ്പതി പരന്നൊഴുകിയത്. ഇത് വഴിയുള്ള റോഡ് ഗതാഗതം തീർത്തും അപകടാവസ്ഥയിൽ ആയത് കണ്ട നാട്ടുകാർ വടകര ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്കിൻ്റെ നേതൃത്വത്തിൽ എത്തിയ സംഘം വെള്ളം ഉപയോഗിച്ച് റോഡ് വൃത്തിയാക്കിയാൽ കൂടുതൽ അപകടം വരുത്തും എന്നു മനസ്സിലാക്കിയപ്പോൾ ദേശീയ പാത നിർമ്മാണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ഒരു ലോഡ് എം സാൻഡ് ലഭ്യമാക്കി. എന്നാൽ മണൽ റോഡിൽ വിതറാൻ ജെസിബി ഡ്രൈവർ ലഭ്യമല്ല എന്ന് കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്ന് സേനാംഗങ്ങൾ തന്നെ മൺവെട്ടി, ഷവൽ എന്നിവ ഉപയോഗിച്ച് ഒരു മണിക്കൂറോളം സമയം എടുത്താണ് റോഡിൽ പരന്ന വനസ്പതിയുടെ കാഠിന്യം കുറച്ചത്.
പക്ഷെ ഈ റോഡ് വഴിയുള്ള ഗതാഗതം നിലവിൽ സുരക്ഷിതമല്ല എന്ന് സേന ഹൈവേ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അത് വഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടു. ഗ്രേഡ് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ, എം എം റിജീഷ് കുമാർ, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ കെവി അനിത്ത് കുമാർ, ജിജിത്ത് കുമാർ, ഫയർ& റെസ്ക്യൂ ഓഫീസർമാരായ വി കെ ബിനീഷ്, എംടി റാഷിദ്, പി എം ബബീഷ്, ജെ ജയകൃഷ്ണൻ, പിടികെ സിബിഷാൽ , മനോജ് കിഴക്കേക്കര , വി കെ അക്ഷയ്, ഹോം ഗാർഡ്മാരായ സി ഹരിഹരൻ, കെബി സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമായിരുന്നു പ്രവർത്തനത്തിൽ പങ്കാളികളായത്. ടാങ്കറിൽ വളരെ അലക്ഷ്യമായി വനസ്പതി കൊണ്ട് പോയതാണ് കാരണം എന്ന് കണക്കാക്കുന്നു.