
വടകര: വിവാദമായ വടകര കടത്താനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ ഒന്നാംപ്രതി സൊസൈറ്റി സെക്രട്ടറി പ്രീനക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 75 ലക്ഷം രൂപ നിക്ഷേപിച്ചതായി പരാതിപ്പെട്ട ഇബ്രാഹിം ഹാജി നൽകിയ പരാതി അടക്കമുള്ള നാല് കേസുകളിലാണ് പ്രീനക്ക് ജാമ്യം ലഭിച്ചത്.
ഇബ്രാഹിം ഹാജി സംഘം പ്രഡിഡണ്ട് സുധീർകുമാറിന്റെ വീട്ടിന്റെ മുൻപിൽ തീകൊളുത്തി മരിച്ചതോടെ ആണ് കേസ് വിവാദമായത്. സുധീറും സംഘം ഡയറക്ടർ റിനീഷും റിമാൻഡിലാണ്. ലോക്കൽ പോലീസിൽ നിന്ന് പിന്നീട് കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. വടകര മജിസ്‌ട്രേറ്റ് കോടതി പ്രീനയുടെ ജാമ്യം തള്ളിയതിനെ തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രീനക്ക് വേണ്ടി വടകരയിലെ സീനിയർ അഭിഭാഷകനായ അഡ്വ :ബൈജു രാഘവൻ, അഡ്വ: പി.ടി.കെ നജ്മൽ എന്നിവർ ഹാജരായി.