പയ്യോളി: ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജ് വാട്സ്ആപ് ഗ്രൂപിൽ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്തതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് അവസാനവർഷ ബിരുദ വിദ്യാർഥികളുടെ മർദനം. സംഭവത്തിൽ പ്രതികളായ മൂന്നു വിദ്യാർഥികളെ പയ്യോളി പൊലീസ് പിടികൂടി. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്കയച്ചു.
ഒന്നാം വർഷ ബി.കോം വിദ്യാർഥിയായ ചോറോട് പണ്ടാരക്കാട്ടിൽ ജാബിറാണ് (18) മർദനമേറ്റ് ചികിത്സയിലുള്ളത്. രണ്ടു ദിവസം മുമ്പ് കോളജിൽ നടന്ന ആഘോഷ പരിപാടിയിൽ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് കോളജ് വാട്സ്ആപ് ഗ്രൂപ്പിൽ ജാബിർ സെൽഫിയെടുത്ത് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത സീനിയർ വിദ്യാർഥികൾ തലക്കും മുഖത്തും ലോഹവസ്തുകൊണ്ട് മാരകമായി മർദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ഥികളായ വില്യാപ്പള്ളി പുത്തൂര്‍ മുഹമ്മദ് അന്സിഫ് (20), വടകര മേപ്പയില്‍ പുതിയെടുത്ത്കുനി മുഹമ്മദ് റുമൈസ് (21), പയ്യോളി അങ്ങാടി തുരുത്തിയില്‍ വീട്ടില്‍ ജസിന് സൂപ്പി (21) എന്നിവരാണ് റിമാൻഡിലായത്. സംഭവത്തില്‍ റാഗിങ് ഉള്പ്പെട്ടിടുണ്ടോയെന്ന കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാന് കോളജ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.