
വടകര:കാഫിർ സ്ക്രീൻ ഷോട്ട് എം.എസ്.എഫ് നേതാവ് തിരുവള്ളൂർ സ്വദേശി പുല്ലാഞ്ഞികണ്ടി പി.കെ. കാസിമിന്റെ പേരിൽ വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായതോടെ പ്രതിപ്പട്ടികയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അദ്ദേഹത്തെ ഒഴിവാക്കി. കാസിമിനെ ഒഴിവാക്കിയുള്ള റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചു.
സി.പി.എം നേതാവ് സി. ഭാസ്കരനാണ് വിവാദ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് വടകര പൊലീസിൽ ആദ്യം പരാതി നൽകിയത്. സ്ക്രീൻ ഷോട്ട് നിർമിച്ചത് കാസിം ആണെന്ന ആരോപണമുയർന്നതോടെ ഇടതു സർക്കാറിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തു. നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ കാസിം ഹാജരാക്കി.എന്നാൽ, കാസിമിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.പൊലീസ് അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവായിരുന്ന റിബേഷ് രാമകൃഷ്ണനിലാണ് അവസാനമെത്തിയത്. ഇതോടെ കേസ് അന്വേഷണം നിലക്കുകയായിരുന്നു.