
കൊല്ലം: എസ്.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് വലിച്ചുകീറിയ സംഭവം വലിയ ചർച്ചയായിരുന്നു. വിഷയം യു.ഡി.എഫ്. പ്രവർത്തകർ ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുകയും ചെയ്തു. എന്നാൽ പ്രകടനത്തിലേക്ക് ഓടിക്കയറിയയാളാണ് ഫ്ളെക്സ് വലിച്ചുകീറിയതെന്നായിരുന്നു എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
സംഭവത്തിന് പിന്നാലെ ഫ്ളെക്സ് കീറിയ അക്ബർ ഷാ വിശദീകരണവുമായി രംഗത്തെത്തി. താൻ എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവർത്തകനാണെന്നും കോൺഗ്രസിന്റെ ഫ്ളെക്സാണെന്ന് കരുതിയാണ് ബോർഡ് കീറിയതെന്നും അക്ബർ ഷാ പറഞ്ഞു. തെറ്റ് മനസ്സിലായെന്നും തന്നോട് ക്ഷമിക്കണമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
താൻ മുൻകാല എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവർത്തകനാണെന്നും കഴിഞ്ഞ മൂന്ന് വർഷമായി ഗൾഫിലായിരുന്നെന്നും അക്ബർ ഷാ പറഞ്ഞു. കൊല്ലത്ത് പ്രകടനം കണ്ടപ്പോൾ അതിൽ പങ്കെടുക്കുകയായിരുന്നു. പ്രകടനത്തിലേക്ക് നുഴഞ്ഞുകയറി വന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനത്തിന്റെ ഫ്ളെക്സാണെന്ന് അറിയാതെയാണ് കീറിയതെന്നും കോൺഗ്രസിന്റെ ഫ്ളെക്സാണെന്നാണ് കരുതിയതെന്നും അക്ബർ ഷാ പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെ നടന്ന പോലീസ്-യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എസ്.എൻ. കോളേജിന് മുന്നിൽ നിന്നാണ് എസ്.എഫ്.ഐ.യുടെ പ്രകടനം ആരംഭിച്ചത്. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഫ്ളെക്സ് ബോർഡുകൾ പ്രകടനത്തിനിടെ നശിപ്പിച്ചിരുന്നു. ചിന്നക്കടയിലെത്തിയപ്പോൾ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തെ റോഡ് ഡിവൈഡറിൽ സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റി സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഓർമ്മദിന ഫ്ളെക്സ് പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഒരാൾ പാഞ്ഞെത്തി വലിച്ചുകീറുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചതിന് പിന്നാലെ പ്രകടനത്തിലേക്ക് നുഴഞ്ഞുകയറി വന്നയാളാണ് ഫ്ളെക്സ് തകർത്തതെന്ന വാദവുമായി എസ്.എഫ്.ഐ.-സി.പി.എം. നേതാക്കൾ രംഗത്തെത്തി. ഇയാൾ എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി വിഷ്ണു അറിയിച്ചിരുന്നു.തുടർന്ന് എസ്.എഫ്.ഐ. അതേ സ്ഥലത്ത് കോടിയേരിയുടെ പുതിയ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസും ചിന്നക്കടയിൽ കോടിയേരിയുടെ ഫ്ളെക്സ് സ്ഥാപിച്ചിരുന്നു.