കോഴിക്കോട്: ശനിയാഴ്ച രാത്രി ജോലിക്കിടെ ലൈന്‍മാന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് ആഡംബരബൈക്കുകളുടെ റേസിങ്ങിനിടെയെന്ന് പോലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട ബൈക്ക് റേസിങ് നടത്തിയ ആറ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടാളുടെപേരില്‍ കേസെടുത്തു. കൊയിലാണ്ടി സ്വദേശികളായ അഭിനവ്, സുദേവ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് എസ്.ഐ. വി.ആര്‍. അരുണ്‍ അറസ്റ്റുചെയ്തത്. ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി ഒന്‍പതുമണിയോടെയാണ് ആറുപേര്‍ ആറ് ആഡംബരബൈക്കുകളിലായി മിനി ബൈപ്പാസ് റോഡിലേക്കെത്തിയത്. ക്യാമറകള്‍ പരിശോധിച്ച പോലീസ് ഇവര്‍ സരോവരത്തിന് സമീപത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തി വീഡിയോകള്‍ ചിത്രീകരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ശേഷം മാങ്കാവിലെ മാളിലേക്കെത്തി അകത്തേക്ക് പ്രവേശിക്കാതെ അവിടെവെച്ചും വീഡിയോ ചിത്രീകരണം നടത്തി.
മാളില്‍നിന്ന് പുറത്തേക്കിറങ്ങി മിംസ് ആശുപത്രിയുടെ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് മാങ്കാവ് വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനായ മഞ്ജുനാഥും (45) സഹപ്രവര്‍ത്തകനായ ദേവദാസനും സഞ്ചരിച്ച സ്‌കൂട്ടറില്‍ പിന്നിലൂടെവന്നിടിക്കുന്നത്. മഞ്ജുനാഥ് പിന്‍സീറ്റ് യാത്രക്കാരനായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തുനിന്ന് മുങ്ങിയ യുവാക്കളെ ഒട്ടേറെ ക്യാമറകള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. ബൈക്കിടിച്ച് മഞ്ജുനാഥിന്റെ നട്ടെല്ല് തകര്‍ന്നതും രക്തക്കുഴല്‍ മുറിഞ്ഞ് ആന്തരികരക്തസ്രാവമുണ്ടായതുമാണ് മരണകാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മിംസ് ആശുപത്രിക്ക് സമീപമുള്ള മണല്‍ത്താഴം വൈദ്യുത ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് പോയതിനെത്തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വൈദ്യുതിവിതരണം നിലച്ചിരുന്നു. ഇത് അറ്റകുറ്റപ്പണി നടത്താന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് മാങ്കാവ് സെക്ഷന്‍ അസി. എന്‍ജിനിയര്‍ യഥുനാഥ് പറഞ്ഞു.