കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശത്തിന്റെ പേരിൽ പാലാ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി. ജോർജിനെ ഇന്ന് വൈകീട്ട് ആറുമണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബി.ജെ.പി നേതാക്കൾക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്.
ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ നാലുമണിക്കൂർ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ആ സമയം കഴിഞ്ഞാല്‍ ജോർജിനെ വീണ്ടും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. കസ്റ്റഡി സമയം കഴിഞ്ഞാലുടൻ പി.സി. ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
ഇന്ന് രാവിലെ 11 നാണ് ജോർജ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് 12.15 ന് ഇരുവിഭാഗങ്ങളുടെയും വാദം കേട്ടു. ജോർജിനെ കസ്റ്റഡിയിൽ വിടേണ്ട ആവശ്യം ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ മുമ്പും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ വ്യക്തിയാണ് ജോർജെന്നും കോടതിയലക്ഷ്യമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ജോർജിന്റെ മുൻ കേസുകളുടെ വിശദാംശങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. രണ്ട് മണിക്ക് ഈ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഈരാറ്റുപേട്ട ജെ.എഫ്.എം.സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്.