വടകര: വീട്ടിന് മുന്നിൽ സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ചു. വടകര കുട്ടോത്ത് സ്വദേശി ഏറാംവെള്ളി നാരായണൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 ഓടെ വടകര-പേരാമ്പ്ര റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ റാം ബസാണ് അപകടം വരുത്തിയത്. റിട്ട. വടകര ഇന്ത്യൻ ബാങ്ക് ജീവനക്കാരനാനായ നാരായണൻ കുട്ടോത്തെ വീട്ടിന് മുന്നിൽ നിന്നും വടകരയിലേക്ക് പോകാൻ ബസിന് കൈ കാണിക്കുകയായിരുന്നു. വേഗതയിലെത്തിയ ബസ് നിർത്താൻ ശ്രമിക്കുന്നത്തിനിടെ മഴയിൽ ടയർ തെന്നി പോവുകയും പിൻഭാഗം നാരായണനെ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ നിർത്തിയ കാറിന് മുകളിലേക്ക് ഇയാൾ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ വടകര ഗവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബസ് സ്റ്റോപ്പിൽ യാത്രക്കാർ കൈ കാണിച്ചിട്ടും നിർത്താതെയാണ് ബസ് വന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബസിടിച്ച് കാറിന്റെ മുൻഭാഗം തകര്ന്നിട്ടുണ്ട്. രണ്ടാഴ്ച മുൻപ് വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസിടിച്ച് നഗരസഭാ മുൻ കൗൺസിലറും മഹിളാ കോൺഗ്രസ് നേതാവുമായ പുഷ്പവല്ലി മരണപ്പെട്ടിരുന്നു. മേഖലയിൽ സ്വകാര്യ ബസ് അപകടം തുടര്കഥയായിട്ടുണ്ട്.