വടകര: പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷറിന്റെ വീട്ടിൽ സി.പി.എം നേതാക്കൾ സന്ദർശിച്ച സംഭവത്തിൽ പ്രതികരണവുമായി ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് നേതാക്കളാരും മരണവീട്ടിൽ പോവില്ലെന്ന് കെ.കെ. രമ പറഞ്ഞു.
അതെല്ലാം തന്ത്രപൂർവം കൈകാര്യം ചെയ്യാൻ സി.പി.എമ്മിന് അറിയാം. ആരെങ്കിലും പോയാൽ അവരെ ന്യായീകരിക്കുകയും ചെയ്യും. ഇപ്പോഴത്തെ വിവാദം കെട്ടടങ്ങി കഴിഞ്ഞാൽ മരിച്ചയാൾ രക്തസാക്ഷിയായിരിക്കും. രക്തസാക്ഷിക്ക് വേണ്ടി ഫണ്ട് പിരിവ് നടത്തുകയും മണ്ഡപങ്ങൾ പണിയുകയും ചെയ്യും. ഇതുപോലുള്ള നിരവധി ഉദാഹരണങ്ങളുണ്ട്.
സി.പി.എം നേതാക്കൾ അറിഞ്ഞു കൊണ്ടാണ് പാനൂരിൽ ബോംബ് നിർമാണം നടക്കുന്നത്. പ്രതികളിൽ ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതി ബാബു അടക്കമുള്ളവരുടെ അടുത്ത ആളുകളുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട പിടികൂടാനുള്ളവരിൽ ജ്യോതി ബാബുവിന്‍റെ ക്രെഷറിന്‍റെ മാനേജരും ഉണ്ടെന്നാണ് അറിവ്.
മരിച്ചയാളുടെ വീട് സന്ദർശിച്ചതല്ല പ്രശ്നം. എന്തിനാണ് ബോംബ് നിർമിക്കുന്നത് എന്നതാണ് വിഷയം. ഒരാളുടെ വിശപ്പ് മാറ്റാനോ വിഷുക്കൈനീട്ടം കൊടുക്കാനോ അല്ലല്ലോ ബോംബ് ഉണ്ടാക്കുന്നത്. ഒരു മനുഷ്യനെ കൊല്ലാനാണ്. മറ്റൊരാളുടെ ജീവനെടുക്കാനും അക്രമമുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമാണല്ലോ ഇതെല്ലാം ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാനുള്ള തീരുമാനങ്ങളാണ് സി.പി.എം നേതാക്കൾ എടുക്കേണ്ടതെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. റെയ്ഡ് നടത്തി ബോംബ് നിർമാണം കണ്ടെത്തണമെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷറിന്റെ വീട്ടിൽ സി.പി.എം നേതാക്കൾ സന്ദർശിച്ചെന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മറ്റി അംഗം എ. അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂടാതെ, സ്ഥലം എം.എൽ.എ കെ.പി. മോഹനനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
ഷറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സി.പി.എം നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ്, പ്രമുഖ പ്രാദേശിക നേതാക്കൾ ഷറിന്റെ വീട്ടിലെത്തിയത്. അതേസമയം, എം.എൽ.എ എന്ന നിലയിലാണ് വീട്ടിൽ പോയതെന്ന് കെ.പി. മോഹനൻ പറയുന്നു.