പേരാമ്പ്ര: വടകര എം.എല്‍.എ കെ.കെ.രമയുടെ പിതാവും മുന്‍ സിപിഎം നേതാവുമായ നടുവണ്ണൂരിലെ കണ്ണച്ചികണ്ടി കെ.കെ.മാധവന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആര്‍എംപിഐ നേതാവായിരിക്കെ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍ മരുമകനാണ്.
1964ല്‍ പാര്‍ട്ടി പിളര്‍പ്പിന് ശേഷം സിപിഎമ്മില്‍ നിലകൊണ്ട അദ്ദേഹം സിപിഎം നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറിയായി. തുടര്‍ന്ന് ഉള്ളിയേരി, നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്ന് ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ആദ്യ സെക്രട്ടറിയും അദ്ദേഹമായിരുന്നു. 67ല്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമായി. തുടര്‍ന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായി മൂന്നുതവണ(8 വര്‍ഷം) പ്രവര്‍ത്തിച്ചു. കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1979 മുതല്‍ 5 വര്‍ഷം നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആയിരുന്നു. തുടര്‍ന്ന് ആദ്യത്തെ ജില്ലാ കൗണ്‍സില്‍ വന്നപ്പോള്‍ അതില്‍ അംഗവുമായിരുന്നു. 2012 ൽ ടി. പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു.
ഭാര്യ: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ് പേരാമ്പ്ര). മറ്റു മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (റിട്ട. എന്‍.ടി.പി.സി), സുധാകരന്‍ മൂടാടി (ഖാദി ബോര്‍ഡ്), നിമിഷ ചാലിക്കര (വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട്). സഹോദരങ്ങള്‍: കെ.കെ. കുഞ്ഞികൃഷ്ണന്‍, കെ.കെ. ഗംഗാധരന്‍ (റിട്ട ഐ.സി.ഡി.എസ്), കെ.കെ. ബാലന്‍ (റിട്ട. കേരള ബാങ്ക്). സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.