പാലക്കാട്: പാലക്കാട് ഭാരത് മാതാ സ്‌കൂൾ അധ്യാപകനായ ശേഖരിപുരം സ്വദേശി വത്സനും അഭിഭാഷകയായ ബിന്ദുവും വിങ്ങിപ്പൊട്ടുകയാണ്. ആലപ്പുഴയിലെ കാർ അപകടത്തിൽ അവർക്ക് നഷ്ടമായത് ഏക മകൻ ശ്രീദീപിനെയാണ്. സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്ക് പോയ് വരാമെന്ന് അറിയിച്ചാണ് ശ്രീദീപ് അവസാനമായി വീട്ടിലേക്ക് ഫോൺ വിളിച്ചത്.
ഏകമകൻ ശ്രീദീപ് ഇനി തിരിച്ചുവരില്ലെന്ന യാഥാർത്ഥ്യം ഇനിയും അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. സംസ്ഥാന ഹാർഡിൽസ് താരം കൂടിയായ ശ്രീദീപ് തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. മകൻ ഡോക്ടർ കുപ്പായം അണിഞ്ഞ് വീട്ടിലേക്ക് വരുമെന്ന് സ്വപ്നം കണ്ട കുടുംബം കാത്തിരിക്കുന്നത് മകന്റെ ചേതനയറ്റ ശരീരത്തെയാണ്.പഠിക്കാൻ മിടുമിടുക്കനായിരുന്നു ശ്രീദീപ്. ആ കുഞ്ഞിന്റെ വേർപാടിൽ ഈ നാട് ഒന്നാകെ വിങ്ങുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ശേഖരീപുരത്തെ 'ശ്രീവിഹാർ' എന്ന വീട്ടിലേക്ക് എത്തിക്കും.വീട്ടിൽ നിന്ന് കോളേജിലേക്ക് പോയി 55 ദിവസം പിന്നിട്ടപ്പോഴാണ് അപകട വാർത്ത ഉറ്റവരെ തേടിയെത്തിയത്.