പന്തളം: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. ബുധനാഴ്ച അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ ഒരുങ്ങവെയാണ് അധ്യക്ഷ ലീലാ സന്തോഷും ഉപാധ്യക്ഷ യു.രമ്യയും രാജിവെച്ചത്.
പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് പന്തളം. ഇവിടെ ബിജെപിക്ക് 18 അംഗങ്ങളാണുള്ളത്. അതില്‍ കെവി പ്രഭ ഉള്‍പ്പെടെയുള്ളവര്‍ വിമതരായി രംഗത്തുണ്ട്. വിമതരുടെ പിന്തുണയിലാണ് എല്‍ഡിഎഫ് ബുധനാഴ്ച അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. ഇതിന് യുഡിഎഫിന്റെ പിന്തുണയുണ്ടായിരുന്നു. എല്‍ഡിഎഫും യുഡിഫും ഈ വിമതരും ചേര്‍ന്നാല്‍ 18 പേരുടെ പിന്തുണയാകും.എന്നാല്‍ അവിശ്വാസത്തെ ഭയന്നല്ല രാജിയെന്ന് ലിലാ സന്തോഷും യു രമ്യയും പറഞ്ഞു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടില്ലെന്നും ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ് വ്യക്തമാക്കി.