ആലപ്പുഴ: അഞ്ചുവര്‍ഷത്തിനപ്പുറം ഡോക്ടര്‍മാരായി ടി.ഡി. മെഡിക്കല്‍ കോളേജില്‍നിന്ന് പടിയിറങ്ങേണ്ടിയിരുന്ന അവര്‍ അഞ്ചുപേരും ക്യാമ്പസില്‍നിന്ന് എന്നെന്നേക്കുമായി മടങ്ങി. ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച എം.ബി.ബി.എസ്. വിദ്യാര്‍ഥികളായ അഞ്ചുപേര്‍ക്കും നിറകണ്ണുകളോടെയാണ് ടി.ഡി. മെഡിക്കല്‍ കോളേജിലെ സഹപാഠികളും അധ്യാപകരും അടക്കമുള്ളവര്‍ യാത്രമൊഴിയേകിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കോളേജിലെ സെന്‍ട്രല്‍ ല്രൈബറി ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. മരിച്ചവരുടെ ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ച് കോളേജിലെത്തിയിരുന്നു. കഴിഞ്ഞദിവസംവരെ കാമ്പസിലുണ്ടായിരുന്ന പ്രിയപ്പെട്ടവരെ അവസാനമായി കാണാനെത്തിയപ്പോള്‍ സഹപാഠികളായ പലര്‍ക്കും നിയന്ത്രണം നഷ്ടമായി.മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, പി. പ്രസാദ് തുടങ്ങിയവരും മെഡിക്കൽ കോളേജിലെത്തിയിരുന്നു.
ഒന്നരമണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം അഞ്ച് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം എറണാകുളത്ത് സംസ്കരിക്കും.പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വിദ്യാര്‍ഥികളുടെ നാട്ടിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജബ്ബാറിന്റെ മൃതദേഹമാണ് ആദ്യം കൊണ്ടുപോയത്. പിന്നാലെ മറ്റുള്ളവരുടെ മൃതദേഹങ്ങളും ആംബുലന്‍സുകളില്‍ കാമ്പസില്‍നിന്ന് പുറത്തേക്ക് യാത്രയായി.
ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറു വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.