വടകര: ദേശീയപാതയിൽ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിർത്താതെ പോയി. ഇന്ന് രാവിലെ 8.30 ഓടെ ചോറോട് പുഞ്ചിരി മില്ലിൽ വെച്ച് വടകര കരിമ്പനപാലം സ്വദേശി ആകാശിനെയാണ് കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ടാലെന്റ്റ് ബസ് തട്ടി തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ആകാശിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ബസിന് പിന്നാലെയെത്തിയ വാഹന യാത്രികരാണ് പരിക്കേറ്റ ആ കാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിർത്താതെ പോയ ബസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ സ്റ്റാൻ്റിലെത്തി ബസിന് മുകളിൽ കൊടി കെട്ടി തടയുകയുണ്ടായി. വടകര സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് എത്തി. ബസിൻ്റ ഫിറ്റ്നസ് ഉൾപെടെ പരിശോധിച്ച് ഉറപ്പ് വരുത്തി കേസെടുക്കണമെന്നും ഇന്നലെ പുതിയ സ്റ്റാൻ്റിൽ മിന്നൽ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് തടയാൻ നേതൃത്വം നൽകിയ ആളാണ് ആകാശ് എന്നും ബോധപൂർവ്വം ഇടിച്ച് തെറിപ്പിച്ചതായി സംശയമുണ്ടെന്നും ഡി വൈ എഫ് നേതാക്കൾ പറഞ്ഞു. വിവര മറിഞ്ഞ് സിപിഎം നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു.