വടകര: തലശേരി - തൊട്ടിൽപാലം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ് കണ്ടക്ടർക്ക് നേരെ പെരിങ്ങത്തൂരിൽ വെച്ചുണ്ടായ അക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തലശേരി റൂട്ടിൽ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രക്യാപിച്ച് വടകര താലൂക്കിലും പണിമുടക്ക്. ഇന്നലെ വടകര - തൊട്ടിൽപാലം റൂട്ടിൽ മാത്രമായിരുന്നു പണിമുടക്ക്. ഇന്ന് വടകര താലൂക്കിൽ മുഴുവൻ വ്യാപിപ്പിച്ചു. തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാതെ സമൂഹമാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്താണ് വടകരയിൽ മിന്നൽ പണിമുടക്ക് നടത്തിയത്.
മുൻ കൂട്ടി അറിയിപ്പ് നൽകാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പണിമുടക്കിന് ആഹ്വാനം ചെയ്തതിനാൽ വിവരമറിയാതെ രാവിലെ വടകര പുതിയ ബസ് സ്റ്റാൻഡിൽ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ എത്തിയ യാത്രക്കാർ ദുരിതത്തിലായി. വടകരയിൽ നിന്നും പ്രധാനമായും സർവ്വീസ് നടത്തുന്ന നാദാപുരം, കുറ്റ്യാടി, തൊട്ടിൽപാലം റൂട്ടുകളിലേക്ക് ബസുകൾ ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ടിനിടയാക്കി. ഈ ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ടാക്സി ജീപ്പുകൾക്ക് വൻ തുകയാണ് യാത്രക്കാർ നൽകുന്നത്. ഇന്ന് കണ്ണൂർ - കോഴിക്കോട് ദീർഘ ദൂര ബസുകളും പണിമുടക്കിൻ്റ ഭാഗമായതോടെ യാത്രാ ക്ളേശം രൂക്ഷമാണ്. കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ ആരംഭിച്ചെങ്കിലും ആവശ്യത്തിന് ലഭ്യമല്ല.