BREAKING NEWS
dateFRI 4 APR, 2025, 7:39 AM IST
dateFRI 4 APR, 2025, 7:39 AM IST
back
Homesports
sports
Aswani Neenu
Fri Apr 19, 2024 04:46 PM IST
'തോറ്റ് തോറ്റ് ഞാന്‍ ഡോക്ടറായി'; നിനച്ചിരിക്കാതെ മരണം, നോവായി തസ്‌കിയ
NewsImage

മഞ്ചേരി: നിനച്ചിരിക്കാതെയെത്തിയ മരണം തസ്കിയയെ കൊണ്ടുപോയതിന്റെ ഞെട്ടലിലാണ് ഇപ്പോഴും അവളുടെ പ്രിയപ്പെട്ടവർ. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ദേശീയ ചെയര്‍മാന്‍ ഓവുങ്ങല്‍ മുഹമ്മദ് അബ്ദുല്‍സലാമിന്റെ (ഒ.എം.എ. സലാം) മകളും മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ മഞ്ചേരി കിഴക്കേത്തല മാടങ്കോട് ഫാത്തിമ തസ്‌കിയ (21) കഴിഞ്ഞ ദിവസം കല്‍പറ്റയിലുണ്ടായ സ്‌കൂട്ടറപകടത്തിലാണ് മരിച്ചത്. അവളുടെ വാക്കുകൾ ഇപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. മൂന്നാംതവണ നീറ്റ് പരീക്ഷയെഴുതി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ ഫാത്തിമ തസ്‌കിയയുടെ മോട്ടിവേഷന്‍ ക്ലാസുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇറങ്ങിത്തിരിക്കുന്ന കുട്ടികള്‍ക്ക് എന്നും പ്രചോദനമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ 10 ലക്ഷം പേരാണ് തസ്‌കിയയുടെ വാക്കുകള്‍ കേട്ടത്.

നീറ്റ് പരീക്ഷയടുക്കുമ്പോള്‍ തനിക്കും കുടുംബത്തിനുമേറ്റ കടുത്ത പരീക്ഷണങ്ങളുടെ നടുവിലായിരുന്നു തസ്‌കിയ. ആശുപത്രി കിടക്കയില്‍നിന്ന് ഡോക്ടര്‍മാരുടെ അനുവാദം വാങ്ങി പരീക്ഷയ്ക്കിരുന്ന മൂന്നാം ശ്രമത്തില്‍ ആഗ്രഹിച്ചപോലെ കോഴിക്കോട് തന്നെ മെഡിസിന് സീറ്റ് കിട്ടിയതില്‍ അത്യധികം സന്തോഷത്തിലായിരുന്നു തസ്‌കിയയും കുടുംബവും. പക്ഷേ, എം.ബി.ബി.എസ്. രണ്ടാംവര്‍ഷം പൂര്‍ത്തിയാകുംമുമ്പേ പ്രതീക്ഷകള്‍ ബാക്കിയാക്കി യാത്രയായതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. രോഗികള്‍ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ചേര്‍ത്തുപിടിക്കുന്ന ഡോക്ടറാകണം എന്നായിരുന്നു ഫാത്തിമ തസ്‌കിയയുടെ മോട്ടിവേഷന്‍ ക്ലാസുകളിലെ വാക്കുകള്‍.

'തോറ്റ് തോറ്റ് ഞാന്‍ ഡോക്ടറായി' എന്ന ക്യാപ്ഷനില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ യൂട്യൂബ് വീഡിയോയില്‍ തസ്‌കിയ ഈ കഥ വിവരിക്കുന്നുണ്ട്. 'എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായ ഉമ്മയെ എല്ലാ ഡോക്ടര്‍മാരും കൈയൊഴിഞ്ഞപ്പോള്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ രണ്ടും കല്‍പിച്ച് നടത്തിയ ശസ്ത്രക്രിയ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോ. ഗീതയാണ് എന്നില്‍ ഡോക്ടര്‍ മോഹം കരുപ്പിടിപ്പിച്ചത്.

എന്റെ പ്രാര്‍ഥനകളില്‍ എന്നും ആ ഡോക്ടറുണ്ട്. അതുപോലെ സന്ദിഗ്ദ്ധ ഘട്ടങ്ങളില്‍ ഉറച്ച തീരുമാനമെടുത്ത് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായി മാറുമ്പോള്‍ തന്നെയും ഉതുപോലെ പ്രാര്‍ഥന കൊണ്ട് ചേര്‍ത്തുപിടിക്കാന്‍ ആളുകളുണ്ടാവുമല്ലോ,' അതാണ് ഈ രംഗത്തേക്ക് തന്നെ കൊണ്ടെത്തിച്ചതെന്ന് തസ്‌കിയ പറയുന്നു.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായ ഫാത്തിമ തസ്‌കിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങവേയാണ് സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച സഹപാഠി അജ്മിയ ഗുരുതരപരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി പത്തുമണിയോടെ പിണങ്ങോട്-പന്നിയോറ റോഡിലെ വളവില്‍ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പഠനത്തിന്റെ ഭാഗമായി ഹെല്‍ത്ത് ക്ലബ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാനാണ് ഫാത്തിമയും അജ്മിയയും സുഹൃത്തുക്കളോടൊപ്പം ബുധനാഴ്ച വൈകിട്ട് കല്‍പറ്റയിലെത്തിയത്.

വാടകയ്‌ക്കെടുത്ത സ്‌കൂട്ടറില്‍ തിരികെ മടങ്ങുമ്പോഴാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമയെ രക്ഷിക്കാനായില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE