വടകര: വള്ളിക്കാട് ടൗണിൽ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാര്‍ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. വള്ളിക്കാട് കപ്പൊയില്‍ അമല്‍കൃഷ്ണയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ഇന്നോവ കാര്‍ ഏറാമലയില്‍ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വ്യാഴ്ച രാത്രി 10 .15 ഓടെ വള്ളിക്കാട് പോലീസ് എയിഡ് പോസ്റ്റിന് സമീപമാണ് അമൽ കൃഷ്ണയെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമല്‍കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണപ്പെട്ടു. അപകട സമയത്ത് ഇതുവഴി കടന്നുപോയ കാറുകള്‍ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാണ് ഇന്നോവ കാറിലേക്കെക്ക് അന്വേഷണ സംഘമെത്തിയത്. ഇതിനായി നൂറ്റമ്പതോളം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഉള്ളിയേരി സ്വദേശിയാണ് ആര്‍സി ഓണർ. എന്നാൽ കടമേരി സ്വദേശിയാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. ഓര്‍ക്കാട്ടേരി, വില്യാപ്പള്ളി, നാദാപുരം, വടകര, തലേശരി എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഉച്ചയോടെ കോഴിക്കോട് നിന്നും ഫോറൻസിക് സംഘമെത്തി വാഹനം പരിശോധിക്കും.