വടകര: ദേശീയപാതയിൽ അപകട കെണിയൊരുക്കി വൻ കുഴികൾ. മഴ കനത്തതോടെ വെള്ളം നിറഞ്ഞ കുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാവുകയാണ്. വെള്ളം നിറഞ്ഞ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യ സംഭവമാണ്. മാത്രമല്ല മണിക്കൂറുകൾ നീളുന്ന കുരുക്കാണ് ദേശീയപാതയിൽ എല്ലാ ദിവസവും. വെള്ളം നിറഞ്ഞ കുഴികളുടെ ആഴം മനസിലാവില്ല. ഇതിൽ വീണ് വാഹനങ്ങൾ തകരാറിൽ ആവുന്നതും പതിവായിട്ടുണ്ട്.
രാവിലെ വടകര ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിന്റെ വാഹനം കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞു. വാഹനത്തിന്റെ ടയർ ഉൾപ്പടെ ഇളകി പോകുന്ന സ്ഥിതിയുണ്ടായി. അടക്കാത്തെരുവിൽ കടത്തനാട് മാർബിൾസിന്റെ മുന്നിലായുള്ള വലിയ കുഴിയിലാണ് വാഹനം വീണത്. ഈ ഭാഗത്ത് വലിയ കുഴികളാണ് ഉള്ളത്. പലപ്പോഴും വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്ന സ്ഥിതിയുണ്ട്. ഇവിടെ എത്തുമ്പോൾ വാഹനങ്ങൾ വേഗത കുറയ്ക്കുന്നത് ഗതാഗത കുരുക്കിനും ഇടയാക്കും.