വടകര : ദേശീയ പാതയിൽ കാറിടിച്ച് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞു. കാർ പോലീസ് കസ്റ്റഡിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്നുദ്ദീൻ്റ ഉടമസ്ഥതയിലുള്ള കെ. എൽ. 53 എം 2869 നമ്പർ ഹോണ്ട സിയാസ് കാറാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. കാർ ഓടിച്ചത് ചാലക്കുടി സ്വദേശി ദിനേശ് കൊല്ലപ്പള്ളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാർ ഉടമ ബന്ധുവിന് നൽകിയതായിരുന്നു. ബന്ധു സുഹൃത്തായ ദിനേശിന് കാര് ഓടിക്കാൻ നൽകിയതാണെന്ന് ഉടമ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മൂരാട് ഇരിങ്ങൽ സ്വദേശി കോട്ടക്കുന്നുമ്മലിലെ ബബിലേഷാണ് അപകടത്തിൽ മരിച്ചത്.
2023 ഡിസംബർ 19 ന് വടകര ആശ ഹോസ്പിറ്റലിന് മുമ്പിൽ ദേശീയ പാതയിലാണ് അപകടം നടന്നത്. ചോമ്പാലിൽ നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ കാർ ഇടിക്കുകയും ബബിലേഷ് ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയും മരിക്കുകയുമായിരുന്നു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ മാഹി ഭാഗത്തേക്ക് ഓടിച്ച് പോയി. ഹോണ്ട സിയാസ് കാർ ആണ് അപകടത്തിന് ഇടയാക്കിയതെന്ന് തട്ട് കടയിലെ തൊഴിലാളിയും ബസ് ഡ്രൈവറും പോലീസിൽ മൊഴി നൽകിയിരുന്നു.
എന്നാൽ കാറിൻ്റെ നമ്പർ ഇവർ ശ്രദ്ധിച്ചിരുന്നില്ല. ഈ മൊഴികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്. കൊയിലാണ്ടി മുതൽ മാഹി വരെയുള്ള വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും 50 ൽ അധികം സി. സി. ടി. വി. ദൃശ്യങ്ങൾ പോലീസ് പരിശോധനക്കായി എടുത്തു. ഈ ദൃശ്യങ്ങളിൽ ദേശീയ പാതയിൽ പല സ്ഥലങ്ങളിൽ കാറിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാറിൻ്റെ നമ്പറിൽ നിന്ന് പോലീസ് സംഘം കാറുടമ മൊയ്നുദ്ദീനെ ബന്ധപ്പെട്ടെങ്കിലും സുഹൃത്തിന് വിവാഹ ആവശ്യാർത്ഥം നൽകിയതെന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് ഉടമയുടെ സുഹൃത്ത് പോലിസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തെങ്കിലും അപകട കാര്യം നിഷേധിക്കുകയായിരുന്നു.
മാഹി വരെ സഞ്ചരിച്ചതായും കാർ അപകടത്തിൽ പെട്ടില്ലെന്നുമായിരുന്നു ഇവരുടെ മൊഴി. തുടർന്ന് ഇവർ സഞ്ചരിച്ച കാറിൽ സൈൻ്റിഫിക് വിദഗ്ദരെ കൊണ്ട് പോലീസ് പരിശോധന നടത്തിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ബൈക്ക് നേരത്തെ തന്നെ സൈൻ്റിഫിക് വിദഗ്ദർ പരിശോധന നടത്തുകയും ബൈക്കിൽ ഇടിച്ച ഭാഗത്തുണ്ടായിരുന്ന പെയിൻ്റ് പരിശോധനക്കായി എടുക്കുകയും ചെയ്തിരുന്നു. ഈ പെയിൻ്റും, കാറിൻ്റെ പെയിൻ്റും കണ്ണൂരിലെ റീജണൽ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനക്കായി അയച്ചു. ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ രണ്ടും ഒരേ പെയിൻ്റാണ് എന്ന് തെളിഞ്ഞു. തുടർന്ന് കാർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയായ ദിനേശ് കൊല്ലപ്പള്ളിക്കെതിരെ കുറ്റപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. സിനിമാ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് നൽകുന്ന സൂചന.