
വടകര: അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ. കേസിന് പിന്നിൽ വൻ മയക്കുമരുന്ന് മാഫിയയെന്ന് വിവരം. അതിനാൽ തന്നെ കേസിന്റെ തുടരന്വേഷണത്തിന് കോഴിക്കോട് റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) വരാനും സാധ്യതയേറി.ജില്ലയ്ക്കകത്തും പുറത്തും സംഘത്തിന് കണ്ണികളുള്ളതിനാൽ വിശാലമായ അന്വേഷണസംഘം തന്നെ വേണമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.
സൈബർ സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ തട്ടിപ്പ് നടത്തിയ പണം കൈമാറാൻ കമ്മിഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുന്ന രീതിയുണ്ട്. ഇതേരീതി എം.ഡി.എം.എ. ഇടപാടുകളിലും ഉണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.എം.ഡി.എം.എ. ഇടപാടുകളുടെ പണം അക്കൗണ്ട് വഴി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശിനി കീർത്തന, സ്പെഷ്യൽ എജുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശിനി കാവ്യ എന്നിവരുടെ അക്കൗണ്ട് വിവരങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരുകയാണ്.
കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എം.ഡി.എം.എ. മാഫിയയ്ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ തുടങ്ങിയിട്ട്. ഇക്കാലയളവിലെ എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്.അധ്യാപികമാരായതിനാൽ സംശയിക്കാൻ സാധ്യതയില്ലെന്ന ബലത്തിലാണ് വിൽപ്പനക്കാർ ഇവരെ പണംവാങ്ങാൻ നിയോഗിച്ചത്.കീർത്തനയെയും കാവ്യയെയും ഒന്നിച്ചു ചോദ്യംചെയ്യാൻ പോലീസ് അടുത്ത ദിവസംതന്നെ കസ്റ്റഡിയിൽ വാങ്ങും.