ചോമ്പാല: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ആഭിമുഖ്യത്തിൽ "അരുത് അരുതാത്ത ലഹരി അരുത് " എന്ന മുദ്രാവാക്യവുമായി നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിക്ക് ചോമ്പാല പോലീസ് നേതൃത്വത്തിൽ നാദാപുരം റോഡിൽ സ്വീകരണം നൽകി. കരിമരുന്ന് പ്രയോഗത്തോടെയും അറക്കൽ ക്ഷേത്ര വാദ്യമേള സംഘത്തിൻ്റെ ചെണ്ടവാദ്യമേളങ്ങളുടെയും അകമ്പടിയിൽ എസ് പി സി കാഡറ്റുകൾ ഹാരാർപ്പണത്തോടെ റാലിയെ സ്വീകരിച്ചു. എസ് പി സി കാഡറ്റുകൾ, സ്കൗട്ട് , ലിറ്റിൽ കൈറ്റ്സ്, എൻ സി സി വളണ്ടിയേഴ്സ് എന്നിവർ ജാഥയെ സ്വീകരിക്കാൻ എത്തി. മടപ്പള്ളി ഗവൺമെൻ്റ് കോളജിലെ എൻ സി സി കാഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് സ്വീകരണത്തിന് മാറ്റേകി.
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീജിത്ത്, ഗായകനും സംഗീതജ്ഞനുമായ വി.ടി മുരളി, സാഹിത്യകാരൻ മടപ്പള്ളി വിജയൻ, കെ എം സത്യൻ, സുനിൽ മടപ്പള്ളി, ബിജിഷ്, യൂസഫ് മമ്മാലികണ്ടി, എസ് പി സി സീനിയർ കേഡറ്റ് നവനി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക വ്യാപാര മേഖയിലെ പ്രമുഖ വ്യക്തിത്വങ്ങൾ റാലിയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചോമ്പാല എസ് എച്ച് ഒ സിജു ബി കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് എസ് കാഡറ്റ് ഇഫ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലയിലെ പോലീസ് ഉദ്യോസ്ഥർക്കൊപ്പം റാലിയിൽ മുഴുവൻ സമയം പങ്കു ചേരുന്ന ലിംക ബുക്ക് ഓഫ് റൊക്കോർഡ് ജേതാവ് പൂനൂർ യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷാമിലിന് വടകര ഡി വൈ എസ് പി ഹരിപ്രസാദ് ആർ ഉപഹാരം നൽകി.