
എടക്കര: നിലമ്പൂര്‍ ചുങ്കത്തറയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ നഗ്നവീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ്. ചുങ്കത്തറ പള്ളിക്കുത്ത് കുണ്ടുകുളത്തില്‍ രതീഷ് (42)ആണ് ഇക്കഴിഞ്ഞ ജൂണ്‍ 11-ന് ആത്മഹത്യചെയ്തത്.
കടംവാങ്ങിയ പണം തിരികെ നല്കാതിരിക്കാനായി ബന്ധുവായ യുവതിയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് രതീഷിനെ ട്രാപ്പില്‍പ്പെടുത്തിയത്. പള്ളിക്കുത്ത് ഇടപ്പലം സിന്ധു (41), ഭര്‍ത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധു പള്ളിക്കുത്ത് കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍ (38), ശ്രീരാജിന്റെ സുഹൃത്തായ കാക്കനാട്ടുപറമ്പില്‍ മഹേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി സാബു ഒളിവിലാണ്. 2024 നവംബര്‍ ഒന്നിനാണ് സംഭവം നടന്നത്. കടംനല്കിയ പണം തിരികെ നല്‍കാമെന്ന സിന്ധുവിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് രതീഷ് ഇവരുടെ വീട്ടില്‍ എത്തിയത്. സിന്ധുവും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട് കഴുത്തില്‍ക്കിടന്ന സ്വര്‍ണമാല ഊരിയെടുത്ത് രതീഷിനെ മര്‍ദിച്ച് അവശനാക്കി. വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാനും കൂടുതല്‍ പണം തട്ടിയെടുക്കാനും വേണ്ടിയായിരുന്നു ഇവരുടെ ശ്രമം. പകര്‍ത്തിയ നഗ്‌ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം. രതീഷ് വഴങ്ങാതായതോടെ ഈ വീഡിയോ ഭാര്യക്കും മറ്റു പലര്‍ക്കും അയച്ചു കൊടുത്തിരുന്നു.
ഡല്‍ഹിയില്‍ വ്യവസായിയും സ്ഥിരതാമസക്കാരനുമായ രതീഷ് സഹോദരന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനാണ് 2025 മേയില്‍ നാട്ടിലെത്തിയത്. വീഡിയോ നാട്ടില്‍ പ്രചരിച്ചതിലുള്ള മനോവിഷമത്തിലാണ് ചുങ്കത്തറ കാവലംകോടുള്ള തറവാട്ടു വീട്ടില്‍ രതീഷ് തൂങ്ങിമരിച്ചത്.