നാദാപുരം: സ്വകാര്യ ബസ്സിൽ കോളജ് വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. തൂണേരി മുടവന്തേരി സ്വദേശി കുന്നുംപുറത്ത് കെ.പി.മഹമൂദ് ( 48 ) നെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് കേസിനാസ്പദമായ സംഭവം. മൂന്ന് വിദ്യാർത്ഥിനികൾക്കെതിരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. ബസ് യാത്രക്കിടെ പ്രതി വിദ്യാർത്ഥിനികളുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു.
പല തവണ താക്കീത് നൽകിയിട്ടും പ്രതി വീണ്ടും വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. ഇതോടെ വിദ്യാർത്ഥിനികൾ ബഹളം വെക്കുകയും യാത്രക്കാർ ഇടപെടുകയും പ്രതിയെ എടച്ചേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി സ്റ്റേഷനിൽ പരാതി നൽകി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.