
നാദാപുരം : കറൻ്റ് ബിൽ അടക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വീട്ടമ്മയ്ക്ക് മകന്റെ ക്രൂരമർദനമെന്ന് പരാതി. ഇരിങ്ങണ്ണൂർ സ്വദേശി യാസിറിനെതിരെയാണ് മാതാവിൻ്റ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തത്.
കറൻ്റ് ബിൽ അടക്കാത്തത് ചോദ്യം ചെയ്ത് മർദിച്ചെന്നാണ് യാസിറിൻ്റെ മാതാവ് സുഹറയുടെ പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മകൻ യാസിർ വീട്ടിലെത്തി മാതാവായ സുഹറയെ മർദിച്ചത്.
ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് കെഎസ്ഇബി ഓഫീസിൽ നിന്ന് യാസിറിന് ഫോൺ കോൾ വന്നിരുന്നു. ഇത് അപമാനകരമായി തോന്നിയതിനെ തുടർന്ന് മാതാവിനോട് തർക്കിക്കുകയും പിന്നീട് മർദിക്കുകയുമായിരുന്നു. ഒളിൽപോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.