
കോഴിക്കോട് :മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് സങ്കീർണ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ നിന്നും 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. നീക്കം ചെയ്ത മുഴയ്ക്ക് 45 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ വീതിയുമുണ്ട്. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്.
25 വയസുള്ള യുവതി അകാരണമായി വയർ വീർത്തതിനെ തുടർന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന്റെ സൂപ്രണ്ട് ഡോ. അരുൺ പ്രീതിന്റെ നിർദേശ പ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. മോളി സാം, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിദ്ദീഖ് സി.എം., ഡോ. എമിൽ ജോസ് സീനിയർ റെസിഡെന്റ്, അനസ്തേഷ്യ വിഭാഗത്തിലേ പ്രൊഫസ്സർ ഡോ. തസ്നിം മുഹമ്മദ് എൻ, ഡോ. ലക്ഷ്മി വി. നായർ അസി പ്രഫസർ, ഡോ. റിഥുൽ സിനിയർ റെസിഡെന്റ്, നഴ്സിംഗ് ഓഫീസർ അശ്വതി പി.എസ്., തിയറ്റർ അസിസ്റ്റന്റ് പ്രബോധ് ചന്ദ്രൻ പി.വി., നഴ്സിംഗ് അസിസ്റ്റന്റ് മിനി എൻ.പി., ഹെഡ് നഴ്‌സസ് ദീപ മാണി, സീമ പി.എം. എന്നിവരടങ്ങുന്ന സംഘമാണ് സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.