കുറ്റ്യാടി: ബൈക്കില്‍ അമ്മയോടൊപ്പം പോകവെ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. മൊകേരിഗവ: കോളജ് ബിഎ ഇക്കണോമെട്രിക്‌സ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നരിക്കൂട്ടുംചാല്‍ പുത്തന്‍പുരയില്‍ രോഹിന്‍ (മോനൂട്ടന്‍-19) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടടുത്താണ് സംഭവം. ലുലു സാരീസില്‍ ജോലി ചെയ്യുന്ന അമ്മ ബിന്ദുവിനെയുംകൂട്ടി വീട്ടിലേക്ക് ബൈക്കില്‍ പോകവെ നരിക്കൂട്ടുംചാലിലെ റേഷന്‍ കടയ്ക്ക് സമീപം നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഓടിയെത്തിയ ലുലു ജീവനക്കാര്‍ രോഹിനെ ഉടനെ കുറ്റ്യാടി ഗവ. ആശുപത്രിയിലും അവിടെ നിന്ന് മൊടക്കല്ലുര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയ്ക്കും പരിക്ക് പറ്റി. ഒഴിവു ദിവസങ്ങളില്‍ രോഹിനും ലുലുവില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അച്ഛന്‍: ബാലന്‍. സഹോദരി: സ്വാതി.