
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച കെ.പി.സി.സി മുൻ പ്രസിഡന്റും മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ പ്രതിഷേധം. സേവ് കോൺഗ്രസിന്‍റെ പേരിൽ ചോമ്പാല അടക്കമുള്ള സ്ഥലങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
'കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തുപോകാൻ കാരണക്കാരനായ മുല്ലപ്പള്ളി ഇനിയും വിശ്രമ ജീവിതം തുടരട്ടെ' എന്നാണ് പോസ്റ്ററിലുള്ളത്.
പോസ്റ്ററിലെ വിശദാംശങ്ങൾ
മുല്ലപ്പള്ളി രാമചന്ദ്രൻ 82 വയസ്
7 തവണ എം.പി, രണ്ട് തവണ കേന്ദ്ര മന്ത്രി, എ.ഐ.സി.സി സെക്രട്ടറി എന്നിട്ടും അധികാരകൊതി മതിയായില്ലേ? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തു പോകാൻ കാരണക്കാരനായ ഇദ്ദേഹം ഇനിയും വിശ്രമ ജീവിതം തുടരട്ടെ. സേവ് കോൺഗ്രസ്
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മത്സരിക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ഇതുവരെ ഒരു ഘട്ടത്തിലും സ്ഥാനാര്‍ഥിത്വം നിഷേധിച്ച് കടന്നു പോയിട്ടില്ലെന്നും മത്സരിക്കുന്ന കാര്യത്തിൽ തന്റെ തീരുമാനം തന്നെയാണ് പ്രധാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.