വടകര : സാൻഡ് ബാങ്ക്സിൽ തോണി മറിഞ്ഞ് അപകടം. കടലിൽ വീണ ഒരു മത്സ്യത്തൊഴിലാളിയുടെ നില അതീവ ഗുരുതരം. പട്ടയംവളപ്പിൽ അബൂബക്കർ എന്നയാളെയാണ് ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപതിയിലേക്ക് മാറ്റിയത്. രക്ഷപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് എത്താത്തതിൽ സ്ഥലത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.
ഇന്ന് രാവിലെയാണ് രണ്ട് പേർ സഞ്ചരിച്ചിരുന്ന തോണി കടലിൽ മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മൽസ്യത്തൊഴിലാളിയാണ് അബൂബക്കറിനെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്. സാൻഡ് ബാങ്ക്സിൽ അപകടം പതിവായതോടെ പ്രദേശത്ത് 24 മണിക്കൂറും കോസ്റ്റ് ഗാർഡ് സേവനം ഉണ്ടാകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കോസ്റ്റ് ഗാർഡ് വിഭാഗം രക്ഷാപ്രവർത്തനത്തിന് എത്താതിരുന്നതോടെ മൽസ്യത്തൊഴിലാളികൾ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.