പയ്യോളി: അയനിക്കാട് രണ്ട് പെൺമക്കളെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിൽ നാട്. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ 8.30നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ആ വിവരം വീട്ടിലറിയിക്കാൻ എത്തിയപ്പോഴാണ് വീടിനകത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടത്. സുമേഷിന്റെ ഭാര്യ 4 വർഷം മുന്നേ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വിദേശത്തായിരുന്ന സുരേഷ് ഭാര്യയുടെ മരണശേഷം തിരിച്ചുപോയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി പറയുന്നില്ല. ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
പെൺകുട്ടികൾ വീടിനകത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാർ പറഞ്ഞു. സുമേഷിന്റെ വീടിന് സമീപത്താണ് റെയിൽവേ ട്രാക്ക്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. ഗോപികയും ജ്യോതികയും കലാ സാഹിത്യരംഗത്ത് നല്ല കഴിവ് കഴിവ് തെളിയിച്ച കുട്ടികളാണ്. ഗോപിക പയ്യോളി ഹൈസ്കൂളിലെ 10ാം ക്ലാസിലും, ജ്യോതിക അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിൽ 5ാം ക്ലാസിലും പഠിക്കുന്നവരാണ്.