കൊയിലാണ്ടി : സി.പി.എം. കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തോടനുബന്ധിച്ച് പാർട്ടി ചാനലും ചില സി.പി.എം. നേതാക്കളും ബി.ജെ.പി.ക്കും ആർ.എസ്.എസിനും എതിരേ സത്യവിരുദ്ധമായ പ്രചാരണം നടത്തിയത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പറഞ്ഞു. നിലവിൽ യാതൊരു രാഷ്ട്രീയസംഘർഷങ്ങളും നിലനിൽക്കാത്ത പ്രദേശത്ത് ഇത്തരത്തിൽ ഒരു അനിഷ്ടസംഭവമുണ്ടാവുമ്പോൾ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ സിപി.എം. നേതാക്കൾ ശ്രമിക്കണം.
രാഷ്ട്രീയ എതിരാളികൾക്കെതിരേ തെറ്റായ പ്രചാരണം നടത്തുന്നതും കാര്യങ്ങൾ മനസ്സിലാക്കാതെ പ്രതികരിക്കുന്നതും നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മാത്രമേ ഉപകാരപ്പെടൂ. പി.വി. സത്യനാഥന്റെ വിയോഗത്തിൽ പാർട്ടിക്കും കുടുംബാംഗങ്ങൾക്കും ഉണ്ടായ നഷ്ടത്തിൽ ബി.ജെ.പി.യും പങ്കുചേരുന്നുവെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എസ്.ആർ. ജയ് കിഷ് അറിയിച്ചു