
പുനലൂർ :പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയും അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ സന്തോഷിന്റെ മകനുമായ അഖിൽ സന്തോഷ് (21) ആണ് മരിച്ചത്. മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന സൺ ഷെയ്ഡിന്റെ ഹൂക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രത്നാകരന്റെ മകളുടെ ബെംഗളൂരുവിലെ മെസ്സിലാണ് അഖിലും പിതാവ് സന്തോഷും ജോലി ചെയ്യുന്നത്.
പോക്സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങി ഏതാനും മാസങ്ങൾക്കു മുൻപാണ് ബെംഗളൂരുവിൽ ജോലി സ്ഥലത്തേക്കു പോയത്. രത്നാകരന്റെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അവരെ തിങ്കളാഴ്ച പുലർച്ചെ അഖിൽ കാറിൽ നാട്ടിലെത്തിച്ചിരുന്നു. പുനലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നടത്തി.