കൊയിലാണ്ടി: ബസ്സ്റ്റാന്‍ഡിലെ ലോട്ടറി സ്റ്റാളില്‍ നിന്ന് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. കാസകോട് സ്വദേശി അബ്ബാസ് (59) ആണ് പിടിയിലായത്. കൊയിലാണ്ടി വി കെ ലോട്ടറി സ്റ്റാളില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ 28500 രൂപ വിലവരുന്ന 57 ഓണം ബംബർ ടിക്കറ്റുകളാണ് ഇയാള്‍ മോഷ്ടിച്ചത്.
ലോട്ടറി സ്റ്റാളിലെ ജീവനക്കാരന്‍ മുസ്തഫ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടു ദിവസം മുന്‍പും ടിക്കറ്റുകള്‍ കളവുപോയതായി മുസ്തഫയുടെ പരാതിയില്‍ ഉണ്ട് . കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തിരക്കുള്ള സമയത്താണ് ഇയാൾ കടയിലെത്തി മോഷണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആളുകൾക്കിടയിൽനിന്ന് ആദ്യം ഒരുകെട്ട് ലോട്ടറി കൈയ്യിലെടുക്കുകയും അതിൽനിന്ന് കുറച്ച് ടിക്കറ്റുകൾ എടുത്ത് അരയിൽ ഒളിപ്പിക്കുന്നത് ദൃശ്യത്തിൽ കാണാം.
തിങ്കളാഴ്ച രാത്രി കാസർകോടുനിന്നുമാണ് അബ്ബാസിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞമാസവും ഈ ലോട്ടറി സ്റ്റാളിൽനിന്ന് ടിക്കറ്റുകൾ മോഷണംപോയിരുന്നു.