ആലപ്പുഴ: കാറിൽ നീന്തൽക്കുളമൊരുക്കി യാത്ര ചെയ്യുകയും ഗതാഗത നിയമങ്ങൾ ലംഘിക്കുകയും ചെയ്‌ത കേസിൽ യുട്യൂബർ ടി എസ് സജുവിന്റെ (സഞ്ജു ടെക്കി) കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി. ആലപ്പുഴ ആർടിഒ എ കെ ദിലുവാണ് ടാറ്റാ സഫാരി കാറിന്റെ രജിസ്ട്രേഷൻസർട്ടിഫിക്കറ്റ് ഒരുവർഷത്തേക്ക് റദ്ദാക്കിയത്. വാഹനം സഞ്ജു തന്നെ സൂക്ഷിക്കണം. റോഡിലിറക്കാനാവില്ല. വാഹനത്തിന് എന്തെങ്കിലും അറ്റകുറ്റപ്പണി ആവശ്യമായി വന്നാൽ ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. ഒരുവർഷം സഞ്ജുവും വാഹനവും നിരീക്ഷണത്തിലായിരിക്കും.
ശിക്ഷാ നടപടിയുടെ ഭാഗമായി എടപ്പാൾ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ്ങ് ആൻഡ് റിസർച്ചിൽ നടത്തിയ പരിശീലനത്തിൽ സഞ്ജുവിന് ‘ഗുഡ് സർട്ടിഫിക്കറ്റ്’ ലഭിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന്റെ കാലാവധി ഒരു വർഷത്തേക്ക് ചുരുക്കിയതെന്ന് ആർടിഒ അറിയിച്ചു.
ഇതിനിടെ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സാമൂഹ്യ സേവനമാരംഭിച്ചു. സഞ്ജു, ഡ്രൈവർ സൂര്യനാരായണൻ, സുഹൃത്ത് അഭിലാഷ് എന്നിവരാണ് സേവനമാരംഭിച്ചത്. കപ്പലിൽ ജോലിയുള്ള ഇവരുടെ മറ്റൊരു സുഹൃത്തിന് ജോലി നഷ്ടപ്പെടുമെന്ന കാരണത്താൽ പ്രത്യേക ഇളവുനൽകിയതിനാൽ അയാൾ എത്തിയില്ല. ആശുപത്രി അത്യാഹിതത്തിലെത്തുന്ന രോഗികളെ വാർഡിലേക്ക് എത്തിക്കുക, ഒപിയിൽ സഹായിക്കുക, രോഗികളെ പരിചരിക്കുക എന്നിവയാണ് സേവനത്തിന്റെ ഭാഗമായി ചെയ്യേണ്ടത്. രാവിലെ എട്ടു മുതൽ പകൽ രണ്ടു വരെ 15 ദിവസത്തേക്കാണ് സാമൂഹ്യ സേവനം.